വെസ്റ്റ് ബാങ്ക്: ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 33 പേർ മരിച്ചു. ഹമാസ് സമാധാനക്കരാർ ലംഘിച്ചെന്ന് ആരോപിച്ചാണ് ഗാസയിൽ ഇസ്രയേൽ ആക്രമണം നടത്തിയത്. ഗാസയിൽ കനത്ത തിരിച്ചടി നൽകാനുള്ള ബെഞ്ചമിൻ നെതന്യാഹുവിന്റെ നിർദേശത്തിന് തൊട്ടുപിന്നാലെ സൈന്യം ആക്രമണം ആരംഭിക്കുകയായിരുന്നു.
അമേരിക്കയെ അറിയിച്ച ശേഷമാണ് ആക്രമണം തുടങ്ങിയതെന്ന് അമേരിക്കൻ സൈനിക വക്താവ് അറിയിച്ചു. ഹമാസ് ഇസ്രയേൽ സൈനികർക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണത്തിന് പിന്നാലെയാണ് ശക്തമായ തിരിച്ചടിക്ക് പ്രധാനമന്ത്രി നെതന്യാഹു നിർദേശം നൽകിയത്. ഇസ്രയേൽ ആക്രമണം തുടങ്ങിയതോടെ ഇന്ന് കൈമാറാനിരുന്ന ബന്ദിയുടെ മൃതദേഹം വിട്ടുനൽകുന്നത് ഹമാസ് നീട്ടിവച്ചു.
ഇസ്രയേൽ സേന സ്കൂളുകളും വീടുകളും ആക്രമിച്ചതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇസ്രയേലിന്റെ സൈനികർക്ക് നേരെ വെടിയുതിർത്തെന്ന ആരോപണം ഹമാസ് നിഷേധിച്ചു. വെടിനിർത്തലിൽ ഹമാസ് ഉറച്ചുനിൽക്കുന്നുവെന്നും പ്രതികരിച്ചു.
വെടിനിർത്തൽ നിലവിൽ വന്ന് 20 ദിവസത്തിന് ശേഷം ഗാസയിലെയും പശ്ചിമേഷ്യയിലെയും സമാധാനാന്തരീക്ഷം വീണ്ടും തകരുകയാണ്. എന്നാൽ വെടിനിർത്തലിന് നിലവിലെ സംഭവങ്ങൾ ഭീഷണിയല്ലെന്നും തങ്ങളുടെ സൈനികരെ ലക്ഷ്യം വച്ചാൽ ഇസ്രയേൽ തിരിച്ചടിക്കണമെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു.